
കൊച്ചി: കേരള ഹൈക്കോടതിയിൽ വാളയാർ നീതി സമര സമിതിയിലെ 5 അംഗങ്ങൾ ചേർന്ന് നൽകിയ പൊതുതാൽപര്യ ഹർജി (പി.ഐ.എൽ) ഫയലിൽ സ്വീകരിച്ചു, സർക്കാരിനോട് റിപ്പോർട്ട് തേടി. 2010-നും 2023-നും ഇടയിൽ പാലക്കാട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 13 വയസ്സിനു താഴെ ഉള്ള 28 കുട്ടികളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഈ മരണങ്ങളെല്ലാം ആത്മഹത്യയാക്കി അവസാനിപ്പിച്ച കേസുകളാണെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മറ്റ് തെളിവുകളും ഈ മരണങ്ങൾ കൊലപാതകങ്ങളാണെന്ന് സൂചിപ്പിക്കുന്നു.
വിവരാവകാശ അപേക്ഷകൾക്കും ഡി.ജി.പിക്ക് അയച്ച കത്തിനും പ്രതികരണം ലഭിക്കാത്തതിനാലാണ് ഹർജി ഫയൽ ചെയ്തത്. ഈ മരണങ്ങളിൽ ഭൂരിഭാഗവും ദുർബലരായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടേതാണ്.
പ്രധാന ആരോപണങ്ങളും കണ്ടെത്തലുകളും
ഈ കേസുകളിലെ അന്വേഷണത്തിൽ സംഭവിച്ച അട്ടിമറികളും അനാസ്ഥകളും പി.ഐ.എൽ വിശദമാക്കുന്നു:
വ്യാജ ആത്മഹത്യാ കേസുകൾ
നിരവധി മരണങ്ങളിൽ കൃത്യമായ ഫോറൻസിക് തെളിവുകൾ ഉണ്ടായിട്ടും വ്യാജമായി ആത്മഹത്യകളായി മാറ്റപ്പെട്ടു എന്ന് ഹർജിയിൽ ആരോപിക്കുന്നു.
പോലീസിൻ്റെയും ഫോറൻസിക് വിദഗ്ദ്ധരുടെയും അനാസ്ഥ
പോലീസും ഫോറൻസിക് ടീമുകളും അനാസ്ഥ കാണിച്ചുവെന്ന് പി.ഐ.എൽ വ്യക്തമായി പറയുന്നു. തൂങ്ങി മരണങ്ങളിൽ നിർണായക ഫോറൻസിക് തെളിവായ കഴുത്തിൽ കുരുക്കിടാൻ ഉപയോഗിച്ച വസ്തു (ligature material) സംഭവ സ്ഥലത്തു നിന്ന് കാണാതാകുന്നത് ഇതിന് ഉദാഹരണമാണ്. ഇത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നോ അടിസ്ഥാന ഫോറൻസിക് പ്രോട്ടോക്കോളുകൾ പോലും പാലിക്കുന്നില്ല എന്നോ സൂചിപ്പിക്കുന്നു.
മരണത്തിന് മുൻപുള്ള ശാരീരികവും ലൈംഗികവുമായ പീഡനം
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ മരിച്ച കുട്ടികളുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകൾ, മുറിവുകൾ, ആന്തരിക രക്തസ്രാവം, കൂടാതെ ലൈംഗിക പീഡനത്തിൻ്റെ വ്യക്തമായ തെളിവുകളും കണ്ടെത്തിയിരുന്നു. ഇതൊന്നും തൂങ്ങിമരണത്തിന് കാരണമാകുന്ന സാധാരണ പരിക്കുകളല്ല.
കെട്ടിച്ചമച്ച തൂങ്ങിമരണം
ലൈംഗികാതിക്രമത്തിൻ്റെയും മറ്റ് പരിക്കുകളുടെയും സാന്നിധ്യം, കൂടാതെ മൃതദേഹങ്ങളുടെ അവസ്ഥയും, തൂങ്ങിമരണം കൊലപാതകം മറച്ചുവെക്കാൻ കെട്ടിച്ചമച്ചതാണെന്ന് ശക്തമായി സൂചിപ്പിക്കുന്നു.
ഈ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു. ആത്മഹത്യയായി രേഖപ്പെടുത്തിയ കേസുകളിൽ നീതിയുക്തമായ പുനരന്വേഷണം ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പാലക്കാട് ജില്ലയിലെ ഈ ദുരൂഹമരണങ്ങൾ വെറും ക്രൈം കേസുകളല്ല, മറിച്ച് സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള ദുർബല വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലിൻ്റെയും വിവേചനത്തിൻ്റെയും പ്രതിഫലനമാണ്.
ഈ മരണങ്ങൾ വെറും ആത്മഹത്യകളാക്കി അട്ടിമറിച്ച് , കൊലപാതക സാധ്യതകൾ തള്ളിക്കളയുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
ഇരകളായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി നേടിക്കൊടുക്കുന്നതിലുപരി, കേരളത്തിലെ സാമൂഹിക നീതിയുടെയും, ശിശു സുരക്ഷയുടേയും, നിയമവാഴ്ചയുടെയും അടിസ്ഥാന തത്വങ്ങളെ ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ഹർജി.
സലീൽ ലാൽ അഹമ്മദ്, ഫാ.അഗസ്റ്റിൻ വട്ടോലി, വിളയോടി വേണുഗോപാൽ, കെ.വാസുദേവൻ, വി.എം.മാർസൻ എന്നിവരാണ് ഹർജി നൽകിയത്.
അഡ്വ.പി.വി.ജീവേഷ്, അഡ്വ.സി.ആർ.നീലകണ്ഠൻ എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.
നീതി സമരസമിതിക്കു വേണ്ടി
വിളയോടി വേണുഗോപാൽ (ചെയർമാൻ) 9744831675
കെ വാസുദേവൻ ,(കൺവീനർ) 9746190280
സലിൽ ലാൽ അഹമ്മദ് (കൺവീനർ) 9995424774
സി.ആർ. നീലകണ്ഠൻ (രക്ഷാധികാരി) 9446496332
Photo Courtesy - Google








